തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സംസ്ഥാന കബഡി താരം ഫിലിപ്പ് ആൽവിൻ പ്രിൻസ് ഷോക്കേറ്റു മരിച്ചു.  ഇരുപത്തിയേഴ് വയസായിരുന്നു.  ബന്ധു വീട്ടിലെത്തി തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. കൊഴിഞ്ഞമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്റെയും മേരിയുടെയും മകനാണ് മരമണമടഞ്ഞ  ഫിലിപ്പ്. 

ഫിലിപ്പ് സംസ്ഥാന സീനിയർ കബഡി ടീമിലെ അംഗമാണ് കൂടാതെ കോയമ്പത്തൂർ രാമകൃഷ്ണ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അവസാനവർഷ വിദ്യാർത്ഥിയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാർ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തൻസിലാസിന്റെ വീട്ടിലെ പറമ്പിലാൽ വച്ചായിരുന്നു സംഭവം നടന്നത്.  മുളകൊണ്ട് നിർമ്മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ കഞ്ചിക്കോട് സബ് സ്റ്റേഷനിൽ നിന്നും മലബാർ സിമന്റസ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.

ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഫിലിപ്പിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ 

സൂക്ഷിച്ചിരിക്കുകയാണ്.  സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും