ഇന്ന് മഹാത്മ *അയ്യങ്കാളി ജന്മദിനം*


_അടിമത്തത്തിന്റെ കല്ലുമാല വലിച്ചെറിയാന്‍ സ്ത്രീകളോടാവശ്യപ്പെട്ടു, അയ്യങ്കാളിയുടെ പോരാട്ട ജീവിതം_


അടിമത്തത്തിന്റെയും താഴ്ന്ന പദവിയുടെയും പ്രതീകമായ കല്ലുമാല വലിച്ചെറിയാൻ അയ്യങ്കാളി സ്ത്രീകളോടാവശ്യപ്പെട്ടു;


തിരുവിതാംകൂറിൽ അധഃസ്ഥിതരുടെ മോചനത്തിനുവേണ്ടി ഉജ്ജ്വലസമരം നടത്തിയ സാമൂഹിക പരിഷ്കർത്താവായിരുന്നു അയ്യങ്കാളി. അവരുടെ സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, മാന്യമായ വസ്ത്രധാരണം തുടങ്ങിയവയ്ക്കുവേണ്ടി അദ്ദേഹം പൊരുതി. പുലയ സമുദായാംഗമായിരുന്നു അദ്ദേഹം. 1863 ഓഗസ്റ്റ് 28-ന് തിരുവിതാംകൂറിൽ വെങ്ങാനൂരിൽ അയ്യൻ-മാല ദമ്പതിമാരുടെ മകനായി ജനിച്ചു. ചെല്ലമ്മയാണ് ഭാര്യ. അവർക്ക് ഏഴുമക്കളുണ്ടായിരുന്നു.


*വില്ലുവണ്ടി യാത്ര*



പൊതുവഴിയിലൂടെ വാഹനത്തിൽ സഞ്ചരിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും അവകാശം നൽകിക്കൊണ്ട് 1870-ൽ ഗവ. ഉത്തരവ് ഇറക്കിയെങ്കിലും അത് നടപ്പായില്ല. 1893-ൽ പൊതുനിരത്തിലൂടെ വില്ലുവണ്ടിയിൽ യാത്രചെയ്ത് അയ്യങ്കാളി യാഥാസ്ഥിതികരെ വെല്ലുവിളിച്ചു. ഓട്ടുമണികൾ കഴുത്തിൽതൂക്കിയ രണ്ടുവെള്ളക്കാളകളെക്കെട്ടി, അലങ്കരിച്ച വില്ലുവണ്ടിയിൽ വെള്ളമുണ്ടും മേൽമുണ്ടും ബനിയനും തലപ്പാവും അണിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ യാത്ര. യാഥാസ്ഥിതികർ സംഘടിച്ച് യാത്രതടയാൻ ശ്രമിച്ചെങ്കിലും അയ്യങ്കാളിയുടെ ധീരമായ ചെറുത്തുനിൽപ്പുമൂലം അവർക്ക് പിന്തിരിയേണ്ടിവന്നു. മാന്യമായ വേഷംധരിച്ച് അനുയായികളോടൊപ്പം കാൽനടയായി പൊതുനിരത്തിലൂടെ സഞ്ചരിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു.


*വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം*



ജാതിവിലക്കുകാരണം നിരക്ഷരനായ അയ്യങ്കാളി അടിസ്ഥാനവർഗത്തിന്റെ മോചനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞു. അധഃസ്ഥിതർക്കായി അദ്ദേഹം വെങ്ങാനൂരിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പ്രമാണിമാർ കത്തിച്ചു. ജാതിവ്യത്യാസം പരിഗണിക്കാതെ എല്ലാവർക്കും വിദ്യാലയപ്രവേശനം നൽകണമെന്ന് 1909-ൽ ദിവാൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് പഞ്ചമി എന്ന പുലയബാലികയെ സ്കൂൾ അധികാരികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഊരുട്ടമ്പലം സ്കൂളിൽ അയ്യങ്കാളി പ്രവേശിപ്പിച്ചു. ക്ഷുഭിതരായ ജാതിഭ്രാന്തന്മാർ സ്കൂളിന് തീവെച്ചു. തുടർന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. _''ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് 'കുരിപ്പിക്കും''_.


*കർഷകത്തൊഴിലാളി* *സമരം*


അസമത്വം അനുഭവിച്ചിരുന്ന എല്ലാ ജാതിവിഭാഗങ്ങളുടെയും ഉന്നമനത്തിനായി 1907-ൽ 'സാധുജനപരിപാലനസംഘം' എന്ന സംഘടന അയ്യങ്കാളി രൂപവത്കരിച്ചു. കർഷകത്തൊഴിലാളികളായ അധഃസ്ഥിതരെ അദ്ദേഹം സംഘടിപ്പിച്ചു. തുടർന്ന് വിദ്യാഭ്യാസ അവകാശം, സഞ്ചാരസ്വാതന്ത്ര്യം, ന്യായമായകൂലി എന്നിവ നേടിയെടുക്കാൻ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ പണിമുടക്കി. കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരമായിരുന്നു അത്. തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനുമുമ്പിൽ ജന്മിമാർ കീഴടങ്ങി. അയ്യങ്കാളിയുടെ പ്രവർത്തനത്തിൽ മതിപ്പുതോന്നിയ രാജാവ് അദ്ദേഹത്തെ തിരുവിതാംകൂർ നിയമനിർമാണസഭയിൽ അധഃസ്ഥിതരുടെ പ്രതിനിധിയായി നാമനിർദേശംചെയ്തു.


*കല്ലുമാല സമരം*


ദളിത് സ്ത്രീകൾക്ക് വസ്ത്രം, ആഭരണം എന്നിവ ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഗ്ലാസോ ഇരുമ്പോ കൊണ്ട് നിർമിച്ച മാല അവർ നിർബന്ധമായും അണിയണമായിരുന്നു. അടിമത്തത്തിന്റെയും താഴ്ന്ന പദവിയുടെയും പ്രതീകമായ കല്ലുമാല വലിച്ചെറിയാൻ അയ്യങ്കാളി സ്ത്രീകളോടാവശ്യപ്പെട്ടു. 1915-ൽ കൊല്ലം പെരിനാടിൽ, അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കല്ലുമാലകൾ പൊട്ടിച്ചെറിയാൻ ആയിരക്കണക്കിന് ദളിത് സ്ത്രീകളെത്തി. ഉയർന്ന ജാതിക്കാർ സമ്മേളനസ്ഥലം കൈയേറി ആക്രമണം നടത്തിയതോടെ കലാപം പൊട്ടിപ്പുറപ്പെട്ടു. അയ്യങ്കാളിയുടെ അപേക്ഷയിൽ മറ്റൊരു സമ്മേളനം പോലീസ് സംരക്ഷണത്തിൽ കൊല്ലം പട്ടണത്തിൽ നടന്നു. ആ സമ്മേളനത്തിൽ ഒട്ടേറെപ്പേർ കല്ലുമാലപൊട്ടിച്ചെറിഞ്ഞ് അടിമത്തത്തിനെതിരേ പ്രതികരിച്ചു.


മഹാത്മജിയും അയ്യങ്കാളിയും


1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടർന്ന് 1937-ൽ കേരളം സന്ദർശിച്ച ഗാന്ധിജി അയ്യങ്കാളിയെ നേരിൽക്കണ്ട് അഭിനന്ദിച്ചു. അധഃസ്ഥിതരുടെ പ്രശ്നങ്ങൾ അയ്യങ്കാളി ഗാന്ധിജിയുമായി ചർച്ചചെയ്തു. 1941 ജൂൺ 18-ന് അന്തരിച്ചു.(വായനശാല )