എയര്‍ ഇന്ത്യ വിമാനത്തിലെ തീ അണച്ചത് 90 സെക്കന്‍ഡ് കൊണ്ട്!

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


മസ്‌കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കന്‍ഡുകള്‍ക്കകം അണച്ചതായി  ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മികച്ച രക്ഷാപ്രവര്‍ത്തനത്തിന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തെ അഭിനന്ദിച്ചു കൊണ്ട് അധികൃതര്‍ പുറത്തുവിട്ട സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ പതിനാലിന് ഒമാന്‍ സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട ഐഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്.


മസ്‌കറ്റ് - കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിലാണ് തീപിടിച്ചത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. 


അപകടസമയം 141 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയര്‍ഇന്ത്യ ഉടന്‍ തന്നെ അറിയിച്ചിരുന്നു. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു