അമ്പലത്തിൽ നിന്നും വിളക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ.
കാക്കൂർ : കാക്കൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ഓട്ടു വിളക്കുകൾ മോഷ്ടിച്ചു വില്പന നടത്തിയ സംഘത്തെ കാക്കൂർ പോലീസ് പിടികൂടി. 02.09.22 ന് രാത്രി മോഷണം നടന്നതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കാക്കൂർ പോലീസ് പ്രദേശത്തെയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന മറ്റ് പല സ്ഥലത്തേയും പരിസരങ്ങളിലെയും മുപ്പതോളം CCTV ക്യാമറകൾ പരിശോധിച്ചാണ് പ്രായപൂർത്തിയാകാത്ത 3 പേർകൂടി ഉൾപ്പെട്ട സംഘത്തിലേക്കെത്തിയത്. സംഘത്തിലുൾപ്പെട്ട 19 വയസ്സുള്ള ചേളന്നൂർ അതിയാനത്തിൽ വീട്ടിൽ അന്വയ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത 3 പേരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പഴയ സാധനങ്ങൾ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയിൽ വിൽപ്പന നടത്തിയ വിളക്കുകൾ പോലീസ് കണ്ടെടുത്തു. കാക്കൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സനൽ രാജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അബ്ദുൽ സലാം, ASI സുരേഷ്, SCPO മാരായ മുഹമ്മദ് റിയാസ്, സുബീഷ്ജിത്ത്, സുജാത, അഭിലാഷ്, അരുൺ, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് സംഭവം നടന്ന് ദിവസങ്ങൾക്കകം മോഷ്ടാക്കളെ പിടികൂടിയത്. പകൽ സമയത്ത് പല വാഹനങ്ങളിലായി ചുറ്റിക്കറങ്ങി മോഷണം നടത്താനുള്ള സ്ഥലം കണ്ട് വെച്ച് രാത്രിയിൽ മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്നും വിൽപ്പന നടത്തി കിട്ടുന്ന പണം പ്രതികൾ ദൂർത്തടിക്കാറാണെന്നും മറ്റേതെങ്കിലും സ്ഥലത്ത് ഈ സംഘം കളവ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.


0 അഭിപ്രായങ്ങള്