നരിക്കുനി സാമൂഹ്യാരോഗ്യ കേന്ദ്രം പുതുമോടിയിലേക്ക്


നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ജില്ലയിലെ മികച്ച ആതുരാലയമാകാൻ ഒരുങ്ങുകയാണ് നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രം. മികവുറ്റ ഭൗതിക സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി 37 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.  എൻ.എച്ച് എം ആണ് തുക അനുവദിച്ചത്.


നിലവിൽ ഒ.പി നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ഒ.പി പ്രവർത്തനങ്ങൾ താൽക്കാലികമായി ഐ പി ബ്ലോക്കിലേക്കും ഡെന്റൽ ഒ.പി യോട് ചേർന്നുള്ള റൂമിലേക്കും മാറ്റിയിട്ടുണ്ട്. രോഗികളുടെ സൗകര്യങ്ങൾ പരിഗണിച്ചാണ് ഇത്തരം ക്രമീകരണം വരുത്തിയത്. ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭ്യമാക്കാനുള്ള നടപടികളും ബ്ലോക്ക്‌ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നടത്തിവരുന്നു. 


ആശുപത്രി ഗേറ്റ് നിർമാണം, ഐസൊലേഷൻ വാർഡ് നിർമ്മാണം, ജനറേറ്റർ സ്ഥാപിക്കൽ, ഡന്റൽ എക്സറേ മെഷീൻ സ്ഥാപിക്കൽ, വാർഡുകളുടെ നവീകരണം, റീ വയറിംഗ് ഡന്റെൽ ഒ.പി. നവീകരണം എന്നീ  പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്ന് കൊണ്ടിരിക്കുന്നു. എത്രയും പെട്ടന്ന്  പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ശ്രമം.


കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യത്തെ ഐസൊലേഷൻ വാർഡും നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണിത്.


കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചിരുന്നു. കിഫ്‌ബി, എം.എൽ.എ, എ.ടി.എഫ് ഫണ്ടുകൾ വിനിയോഗിച്ച് 1.31 കോടി രൂപ ചെലവഴിച്ച് 2300 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇവിടെ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്.


കാരാട്ട് റസാഖ് എം. എൽ. എ ആയിരുന്ന സമയത്ത് ആരോഗ്യവകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവൃത്തിയും ഉടൻ ആരംഭിക്കും. ഇതിനായി മണ്ണ് പരിശോധന ഉൾപ്പടെയുള്ളവ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിലെ രണ്ടാമത്തെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററും ഈ കേന്ദ്രത്തിലാണ് ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ ചികിത്സക്കായി എത്തുന്നു.


ആശുപത്രി ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് നവീകരണം പൂർത്തിയായി കഴിഞ്ഞു. കുഴൽക്കിണർ നിർമ്മാണത്തിനായി രണ്ട് ലക്ഷവും തിമിര രോഗ നിർണയത്തിനുള്ള ഉപകരണം വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി ജില്ലയിലെ തന്നെ മികച്ച ആതുരാലയമായി നരിക്കുനി സാമൂഹ്യരോഗ്യ കേന്ദ്രത്തെ മാറ്റാനുള്ള ശ്രമത്തിലാണ് ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തും ആരോഗ്യവകുപ്പും.