കേരള പത്ര പ്രവ൪ത്തക അസ്സോസിയേഷ൯ ജില്ലാ സമ്മേളനം ഒക്ടോബ൪ 15 ന് ബാലുശ്ശേരി അറപ്പീടിക വി വൺ ഓഡിറ്റോറിയത്തിൽ :-


കേരളത്തിലെ പത്ര - ദൃശ്യ - ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 15 ശനിയാഴ്ച ബാലുശ്ശേരി അറപ്പീടിക വി വണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബാലുശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കാലത്തോടൊപ്പം മുന്നേറാന്‍ കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.


സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ അറപ്പീടിക വി വണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.


രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. 9.45 ന് പതാക ഉയര്‍ത്തും. പത്ത് മണിക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും ,ഉന്നത വിജയികളെയും അഡ്വ.സച്ചിന്‍ ദേവ് എം.എല്‍.എ ആദരിക്കും. 


പുതിയ അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡ് വിതരണം അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരിത്തി മുഖ്യ പ്രഭാഷണം നടത്തും. 


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത , ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് , പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടി കൃഷ്ണന്‍ , അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് , സെക്രട്ടറിമാരായ കണ്ണന്‍ പന്താവൂര്‍ , കെ.കെ അബ്ദുള്ള , ട്രഷറര്‍ ബൈജു പെരുവ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മാധ്യമ സംവാദം അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ ഉദ്ഘാടനം ചെയ്യും.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, കോളമിസ്റ്റുമായ മുസ്തഫ പി എറക്കല്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കും.


 ഉച്ചക്ക് 2.30 ന് നടക്കുന്ന കുടുംബ സംഗമം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും.മാധ്യമ പ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും വിവിധ കലാ പരിപാടികള്‍ അരങ്ങേറും.


 അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു കക്കയം , ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍ , സ്വാഗത സംഘം ചെയര്‍മാന്‍ കരുണന്‍ വൈകുണ്ഡം , കണ്‍വീനര്‍ രഞ്ജിത്ത് കൊയിലാണ്ടി , ജോ.കണ്‍വീനര്‍ ഷരീഫ് കിനാലൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.