അത്താണി ഗ്രേസ് ഗാർഡൻ ഉദ്ഘാടനം ചെയ്തു


നരിക്കുനി : ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കും പ്രയാസങ്ങൾ അനുഭവിക്കുന്ന  വയോജനങ്ങൾക്കുമായി  അത്താണിയുടെ നേതൃത്വത്തിൽ

തുടങ്ങിയ  ഗ്രേസ് ഗാർഡൻ  പൊരുമരാമത്ത് - ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വാർഥത നിറഞ്ഞ കാലത്ത് അത്താണി നൽകുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സാന്ത്വന പരിചരണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

യോഗ, മെഡിറ്റേഷൻ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ സാമൂഹിക പിന്തുണയും സേവനവും  പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് പുതിയ പദ്ധതികളിലൂടെ അത്താണി  ലക്ഷ്യമിടുന്നത്. നിലവിൽ പന്ത്രണ്ടോളം തരത്തിലുള്ള സേവനങ്ങൾ അശരണർക്കായി അത്താണിയിലൂടെ ലഭ്യമാണ്. 2005 ൽ ഒറ്റമുറി വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ അത്താണി ഇപ്പോൾ പാലിയേറ്റീവ് യൂണിറ്റുകളുടെ എണ്ണത്തിലും സംസ്ഥാനതലത്തിൽ തന്നെ ഏറെ മുന്നിലാണ്.

വാർധക്യം, ശാരീരിക മാനസിക വെല്ലുവിളികൾ തുടങ്ങി വിവിധ കാരണങ്ങളാൽ വീടിനുള്ളിൽ ഒറ്റപ്പെട്ടു പോയവർക്ക് സമൂഹത്തിലേക്കു ഇറങ്ങി വരാനും മെച്ചപെട്ട ജീവിതാവസ്ഥ കെട്ടിപ്പടുക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് ഗ്രേസ് ഗാർഡൻ  പദ്ധതിയുടെ ലക്ഷ്യം. ഉല്ലാസക്കൂട് പി.ടി.എ.റഹീം എൽഎയും

ഓപ്പൺ ജിം നജീബ് കാന്തപുരം എംഎൽഎയും ഉദ്ഘാടനം ചെയ്തു. എൻജിനീയർ കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഐപി യൂണിറ്റ് ചൊവ്വഞ്ചേരി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഹോം കെയർ വാഹനത്തിന്റെ താക്കോൽ ഇസ്മായിൽകുട്ടി ഹാജി മച്ചക്കുളം കൈമാറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ കുമാർ , പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം, ഷിഹാന രാരപ്പൻകണ്ടി, സർജാസ് കുനിയിൽ, മിനി പുല്ലങ്കണ്ടി, ഉമ്മു സൽമ, കെ.കെ.സുബൈദ, ബഷീർ തിക്കോടി, വി.പി.അബ്ദുൽ ഖാദർ, വി.എ.മുജീബ് റഹ്മാൻ, പി.ശശീന്ദ്രൻ, വി.സി.മുഹമ്മദ്, കെ.എം.രാധാകൃഷ്ണൻ , ടി.പി.ജയചന്ദ്രൻ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, കെ.ശിവാനന്ദൻ, നെടിയനാട് ഹുസയിൻ ഹാജി എന്നിവർ പ്രസംഗിച്ചു.