അമിത് ഷായെ സാക്ഷിയാക്കി ബിഎസ്എഫിനോട് കയര്‍ത്ത് മമത

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



കൊല്‍ക്കത്തയില്‍ നടന്ന കിഴക്കന്‍ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ബിഎസ്എഫിനോട് കയര്‍ത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗത്തില്‍ അധ്യക്ഷനായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സാക്ഷിയാക്കിയായിരുന്നു വാക്കേറ്റം. ബിഎസ്എഫിന്റെ അധികാരപരിധി സംബന്ധിച്ച ചര്‍ച്ചയാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. 


അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം ബിഎസ്എഫിന് നല്‍കുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു മമതയുടെ നിലപാട്. ജനങ്ങളും സൈനിക ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനത്തില്‍ പ്രശ്നമുണ്ടാകുമെന്നും മമത ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു ബിഎസ്എഫിന്റെ മറുപടി. ഇതാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരും മമതയും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. 


പുതിയ നിയമപ്രകാരം നടപടിയെടുക്കാന്‍ ബിഎസ്എഫിന് മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോ പോലും ആവശ്യമില്ല. അതേസമയം പഴയ ചട്ടം അനുസരിച്ച് ബിഎസ്എഫിന് 15 കിലോമീറ്ററിനുള്ളില്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ.പശ്ചിമ ബംഗാളിനെ കൂടാതെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, സിക്കിം മുഖ്യമന്ത്രിമാരും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.


ഇതിനിടെ ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ(ഡിവിസി) പ്രവര്‍ത്തനത്തെക്കുറിച്ചും മമത ചോദ്യങ്ങള്‍ ഉന്നയിച്ചു.പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ അറിയിക്കാതെയാണ് ഡിവിസി വെള്ളം തുറന്നുവിട്ടതെന്ന് അവര്‍ പരാതിപ്പെട്ടു.ഇതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഡിവിസി, കേന്ദ്രം, സംസ്ഥാനം എന്നിവരുടെ പ്രതിനിധികളടങ്ങിയ സമിതി രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു