നരിക്കുനി ഫെസ്റ്റ് നാലിന് തുടങ്ങും


നരിക്കുനി:  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന  നരിക്കുനി ഫെസ്റ്റ് ഫെബ്രുവരി നാലാം തീയതി തുടങ്ങുമെന്ന് സ്വാഗതസംഘം ചെയർമാൻ സി. കെ.സലിം അറിയിച്ചു. നാലിന് വൈകിട്ട് നടക്കുന്ന  ഉദ്ഘാടന സമ്മേളനത്തിനുശേഷം കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.  തുടർന്നുള്ള ദിവസങ്ങളിലായി  സുരഭി ലക്ഷ്മിയും വിനോദ് കോവൂരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ, ഗിന്നസ് മനോജിന്റെ കോമഡി ഷോ,  ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെയും കലാഭവൻ പ്രദീപിന്റെയും ഗാനമേള, വടക്കൻസ് നാടൻ പാട്ടുകൾ,  കണ്ണൂർ ഷരീഫിന്റെ ഗാനമേള, ജാനു തമാശകളും പാട്ടുകളും, കലാമണ്ഡലം  സത്യവ്രതന്റെ ഡാൻസ് ഫ്യൂഷൻ, പ്രഭാകരൻ  പുന്നശ്ശേരിയുടെ ഓട്ടംതുള്ളൽ, മാജിക് ഷോ കരോക്കെ ഗാനമേള മാർഗംകളി, ഗ്രൂപ്പ് ഡാൻസ് ചവിട്ട് നാടകം, ചാക്യാർകൂത്ത് തുടങ്ങിയ വിവിധതരങ്ങളും വ്യത്യസ്തങ്ങളുമായ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

നൃത്തനൃത്യങ്ങൾ, കരാട്ടെ പ്രദർശനം, കളരിപ്പയറ്റ്, മറ്റ് പ്രാദേശിക കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.  കുട്ടികൾക്കും  മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ യന്ത്ര ഊഞ്ഞാൽ ആകാശത്തോണി ഡ്രാഗൺ ട്രെയിൻ, ജമ്പിങ് മാട്രസ്,  ചിൽഡ്രൻസ് ബലൂൺ,  സെൽഫി കോർണർ, ഫ്ലവർ ഷോ, പെറ്റ് ഷോ,  ചിൽഡ്രൻസ് പാർക്ക്, വിവിധ റൈഡുകൾ എന്നിവ  ഉണ്ടാകും. വാണിജ്യപ്രദർശനങ്ങളും ഉണ്ടായിരിക്കും. ഫെബ്രുവരി 22ന്  സമാപിക്കും. ജനകീയ കൂട്ടായ്മയോടെ നടത്തുന്ന ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഫെസ്റ്റിന്റെ നടത്തിപ്പിനായി  സർവകക്ഷി  സംഘടനകളുടെ  നേതൃത്വത്തിലുള്ള വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചു വരുന്നു.