നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി, ഭരണഘടനയെ കാഴ്ചവസ്തുവാക്കി നമ്മുടെ രാജ്യത്തെ വർഗീയ ഫാസിസത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുപ്പിക്കുകയാണ്. വൈവിധ്യങ്ങളുടെയും ഭിന്ന സംസ്കാരങ്ങളുടെയും നാടായ ഇന്ത്യയെ ഏക ശിലാത്മക സംസ്കാരത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനപ്പെടുത്തുന്നതിന് ആവശ്യമായ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്.  ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച്  സംസ്ഥാനത്തോട് ക്രൂരമായ അവഗണന തുടരുകയാണ് കേന്ദ്രം. ഇതിനെതിരെ ജനകീയ പ്രതിരോധം  അതിശക്തമായി രൂപപ്പെട്ടു വരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയിൽ  സ. പി കെ ബിജു, സ. എം സ്വരാജ്, സ. സി എസ് സുജാത, സ. ജെയ്ക് സി തോമസ്, സ. കെ ടി ജലീല്‍ എന്നിവര്‍  സ്ഥിരാംഗങ്ങളുമാണ്. ഫെബ്രുവരി 20ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. 


സമസ്തമേഖലകളിലും ഫാസിസം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം തകർത്ത് കൊണ്ട് മനുനിയമങ്ങൾ പൊതുനിയമങ്ങളാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങുകയാണ്. ഫാസിസ്റ്റ് ജർമ്മനിയുടെ ജൂതവിരോധത്തിന്റെ ചരിത്രാവർത്തനം പോലെ മുസ്ലീം - ക്രിസ്ത്യൻ - ദളിത് വിഭാഗങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയിൽ രാജ്യം കൂപ്പുകുത്തുമ്പോൾ, പാവങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടി വരുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴുക്കോൽ വരെ ഊരി വിറ്റ് കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം അവസരമൊരുക്കി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിലേക്ക് ഇന്ത്യയെ നീക്കി കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്. ജനകീയ ബദലുയർത്തി മുന്നേറുന്ന കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജാഥയിലൂടെ ജനങ്ങൾക്ക്‌ മുൻപിൽ വിശദീകരിക്കും.