പന്നൂർ,നരിക്കുനി,നെല്ല്യേരിത്താഴം-പുന്നശ്ശേരി റോഡ്; റീ ടെൻഡർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ:-


18.02.2023


നരിക്കുനി: കരാറുകാരനെ റദ്ദു ചെയ്തതു മൂലം പ്രവൃത്തി പാതിവഴിയിലായ പന്നൂർ-നരിക്കുനി-നെല്യേരിത്താഴം-പുന്നശ്ശേരി റോഡിന്റെ റീ ടെൻഡർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. റീ ടെൻഡർ നടപടികൾ തുടരാമെന്നും എന്നാൽ, കോടതിയുടെ തുടർ വിധിക്കനുസരിച്ചേ ടെൻഡറിൽ അന്തിമ തീരുമാനമെടുക്കാവൂയെന്നും ഹൈക്കോടതി ഉത്തരവിട്ടു. ടെൻഡർ നടപടി തടയണമെന്നാവശ്യപ്പെട്ട് പ്രവൃത്തിയിൽ നിന്നും നീക്കിയ കരാറുകാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.


കരാർ പ്രവൃത്തിയിലെ അനാസ്ഥ മൂലമാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കിയിരുന്നത്. പുതിയ കരാറുകാരനെ കണ്ടെത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിയ റീടെൻഡർ നടപടി അന്തിമഘട്ടത്തിലായിരുന്നു 


2017-ൽ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ച ഈ റോഡിന്റെ പ്രവൃത്തി തുടങ്ങുന്നത് 2020-ലാണ് കരാറുകാരന്റെ കെടുകാര്യസ്ഥത മൂലം എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു റോഡ്. അനന്തമായി നീളുന്ന റോഡുപണിക്കെതിരേ നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് 50 ശതമാനം പണിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞത്. രണ്ട് റീച്ചുകളിലായാണ് പണി നടക്കുന്നത്. ആദ്യ റീച്ചായ പന്നൂരിൽ നിന്നു തുടങ്ങി നരിക്കുനി കൊടുവള്ളി റോഡിലേക്ക് എത്തുന്നതിനു മുൻപേ തന്നെ റോഡ് ടാറിങ്‌ അവസാനിപ്പിച്ചിരുന്നു.


ഫെബ്രുവരി 10-നുള്ളിൽ പണിതീർക്കാമെന്ന് ആക്ഷൻ കമ്മിറ്റിയുടേയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കരാറുകാരൻ ഉറപ്പു നൽകിയിരുന്നെങ്കിലും പ്രവൃത്തിയിലെ മെല്ലെപ്പോക്കു മൂലം പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ കോടതി കയറിയിരിക്കുന്നത്.