നടി സുബി സുരേഷ് അന്തരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തിൽ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. കരൾ മാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടതിനെ തുടർന്ന് സുബിക്ക് വേണ്ടി അതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിനിടെ മരണം സംഭവിച്ചു



എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെ രസാസിലുമായിരുന്നു സ്‌കൂൾ കോളേജ് വിദ്യാഭ്യാസം.അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ : എബി സുരേഷ്.


മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകൾ അധികം സാന്നിധ്യമാകാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബിൽ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. 


സ്കൂൾ പഠനകാലത്ത് ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.


രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന, പഞ്ചവർണ്ണ തത്ത, ഡ്രാമയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.