കോവിഡ് ആശങ്ക ഉയരുന്നു, 3016 പേര്‍ക്ക് കൂടി രോഗബാധ; ആറ് മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒരു ദിവസത്തിനിടെ 14 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ മുമ്പ് രേഖപ്പെടുത്തിയ 8 മരണങ്ങള്‍ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ 14 ആയി ഉയര്‍ന്നത്. മരണനിരക്ക് 1.19 ശതമാനമാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,30,862 ആയി ഉയര്‍ന്നു


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് രാജ്യത്ത് അവസാനമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന വര്‍ധനയുണ്ടായത്. 2022 ഒക്ടോബര്‍ 2 ന് ആകെ 3,375 കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 13,509 സജീവ കേസുകളുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമാണ്.


ബുധനാഴ്ച ഇന്ത്യയില്‍ 2,151 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ആയതോടെ പ്രതിദിന കേസുകള്‍ 40 ശതമാനം ഉയര്‍ന്നു. ഇതുവരെ കോവിഡ് ഭേദമായവരുടെ ആകെ എണ്ണം 4,41,68,321 ആയി. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്ന് കോവിഡ് മരണങ്ങളും ഡല്‍ഹിയില്‍ രണ്ട് മരണങ്ങളും ഹിമാചല്‍ പ്രദേശില്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടൊപ്പമാണ് കേരളത്തിന്റെ എട്ട് മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്. 


രാജ്യതലസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യാഴാഴ്ച അടിയന്തര അവലോകന യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രതിദിന പോസിറ്റീവിറ്റി 2.73 ശതമാനമാണ്. അതേസമയം, ദേശീയ കോവിഡ് റിക്കവറി നിരക്ക് 98.78 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി നടത്തുന്ന കൊറോണ വൈറസ് വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.65 കോടി ഡോസ് കോവിഡ് വാക്സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.