മണിപ്പൂരിൽ സംഘർഷം പരിധിവിടുന്നു; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സംഘർഷഭരിതമായ മണിപ്പൂരിൽ അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കാൻ ഉത്തരവ്. മണിപ്പൂർ ഗവർണറാണ് ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകിയത്. സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. 1973ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് അനുസരിച്ച് പുറത്തിറക്കിയ ഉത്തരവിൽ ആഭ്യന്തര വകുപ്പ് കമ്മീഷണറാണ് ഒപ്പുവെച്ചിരിക്കുന്നത്.


സംഘർഷം നിയന്ത്രിക്കാൻ അസം റൈഫിൾസിന്റെയും സൈന്യത്തിന്റെയും അഞ്ച് കോളങ്ങളെ മണിപ്പൂരിൽ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതി കൂടുതൽ മോശമായാൽ വിന്യസിക്കുന്നതിന് 14 കോളങ്ങളെ സജ്ജമാക്കി വെച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കലാപങ്ങൾ അമർച്ച ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റാപിഡ് ആക്ഷൻ ഫോഴ്സിനെ കേന്ദ്ര സർക്കാർ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. സംഘർഷത്തിൽ ഒറ്റപ്പെട്ട 9000 ആളുകളെ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.


നേരത്തെ, അക്രമ ബാധിത പ്രദേശങ്ങളിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം നിർത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ബീരേൻ സിംഗ് ഇന്ന് രാവിലെ വീഡിയോ സന്ദേശം നൽകി.

ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെതിരെ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്

മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല.