താലൂക്ക് ആശുപത്രിയിൽ യുവാവ് കത്രിക കൊണ്ട് വനിതാ ഡോക്ടറെ കുത്തിക്കൊന്നു


▂▂▂▂▂▂▂▂▂▂▂▂▂▂▂▂

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച യുവാവിൻ്റെ പരാക്രമത്തിൽ കുത്തേറ്റ ഹൌസ് സർജൻ മരിച്ചു. കോട്ടയം സ്വദേശി ഡോ.വന്ദന ദാസ് (22) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ഡോക്ടറെ ഇവിടെയെത്തിച്ചത്. എത്തിച്ചയുടനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് പ്രതി പലതവണ കുത്തുകയായിരുന്നു. ഡോക്ടറുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റത്. അഞ്ചിലധികം തവണ കുത്തേറ്റിട്ടുണ്ട്. പൂയപ്പള്ളി സ്വദേശി സന്ദീപ്  ആണ് അതിക്രമം നടത്തിയത്. വീട്ടിൽ വെച്ച് വഴക്കുണ്ടാക്കിയ ഇയാൾ തന്നെയാണ് പോലീസിനെ വിളിച്ചത്. തുടർന്ന് പോലീസ് ഇയാളെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ഇയാൾ അധ്യാപകനാണ്. നെടുമ്പന യു പി സ്കൂൾ അധ്യാപകനായ ഇയാൾ കുറച്ചുദിവസങ്ങളായി സസ്പെൻഷനിലാണ്.

ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി അടുത്തേക്ക് വന്നവരെയെല്ലാം കുത്തുകയായിരുന്നു. പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെയും യുവാവ് കുത്തിയിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൊല്ലം അസീസിയ്യ മെഡി.കോളജിൽ പഠിക്കുന്ന വന്ദന ഹൌസ് സർജൻസിക്ക് വേണ്ടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്,*ഒരാളെ ചികിത്സിച്ചതിനോ ഈ മരണശിക്ഷ?'; സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. 


കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരുൾപ്പെടെ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രതിഷേധിച്ചു.രോഗിയുടെ പരിക്ക് ചികിത്സിക്കാൻ ശ്രമിച്ചതിനാണ് ഡോക്ടർക്ക് മരണ ശിക്ഷ ലഭിച്ചത്. ആശുപത്രികൾ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നത് നേരത്തെയും ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇതുവരെയും അതുണ്ടായില്ല. ഡോക്ടർമാർ വ്യാപകമായി ആക്രമിക്കപ്പെട്ടു. സർക്കാരിന്റെ മുന്നിലിക്കാര്യം നിരവധിത്തവണ അവതരിപ്പിച്ചിട്ടും ഗൌരവത്തിലെടുത്തില്ല. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്''. പൊലീസ് ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകിയേ മതിയാകൂവെന്നും കൊട്ടാരക്കരയിൽ പ്രതിഷേധിച്ച ഡോക്ടർമാർ ആവശ്യപ്പെട്ടു.

യുവ ഡോക്ടർ പൊലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ചാണ് പ്രതിഷേധിക്കുന്നത്. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ചു.സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ട് വെക്കുന്നത്. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണം. കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെട്ടു. 


ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ഐഎംഎയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 8 മണി വരെ സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കും. അത്യാഹിത വിഭാഗത്തിൽ മാത്രമേ ഡോക്ടർമാരുടെ സേവനമുണ്ടാകൂ. ഉച്ചയ്ക്ക് യോഗം ചേർന്നാകും തുടർ സമരപരിപാടി നിശ്ചയിക്കുക.,*ഡോ. വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ നടപടി സ്വീകരിക്കും‍'; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.


ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നുണ്ട്.