പുഷ്പകൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു 


ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുഷ്പകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നു.  പദ്ധതിയുടെ ഭാഗമായി തൈ നടീൽ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്തിൽ  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ നിർവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലിം അധ്യക്ഷത വഹിച്ചു.


 നരിക്കുനി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പാടം കൃഷിക്കൂട്ടവുമായി ചേർന്നാണ് പുഷ്പകൃഷി നടത്തുന്നത്. ഇത്തരത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലെ 20 ഗ്രൂപ്പുകൾക്ക് പുഷ്പകൃഷി ചെയ്യാനായി 1.32 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ഓരോ ഗ്രാമപഞ്ചായത്തിലും 25 സെന്റ് സ്ഥലത്താണ് കൃഷി നടത്തുക.


 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജൗഹർ പൂമംഗലം, വാർഡ് മെമ്പർ ലൈല സി.പി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് എ.ഡി.എ നിഷ കെ സ്വാഗതവും  പഞ്ചായത്ത് അംഗം അബ്ദുൾ മജീദ് ടി. പി നന്ദിയും പറഞ്ഞു.