വൈദ്യുതി മോഷണം:   കഴിഞ്ഞ സാമ്പത്തിക വര്‍‍ഷം പിഴ ചുമത്തിയത് നാല്‍‍പ്പത് കോടിയില്‍പ്പരം രൂപ!

 

കേരളത്തിലെമ്പാടും കെ എസ് ഇ ബിയുടെ ആന്റി പവര്‍‍ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപകമായ തോതില്‍ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തുകയുണ്ടായി.  ഏപ്രില്‍ 2022 മുതല്‍ മാര്‍‍ച്ച് 2023 വരെ നടത്തിയ 37,372 പരിശോധനകളിലായി 43 കോടിയില്‍പ്പരം രൂപയുടെ പിഴയാണ് ചുമത്തിയിട്ടുള്ളത്.  തുടര്‍‍ന്നും ശക്തമായ പരിശോധനകള്‍ സംസ്ഥാന വ്യാപകമായി നടത്താനും ക്രമക്കേടുകളോ വൈദ്യുതി മോഷണമോ കണ്ടെത്തിയാല്‍ കര്‍‍ശനമായ നടപടികളുമായി മുന്നോട്ടു പോകുവാനുമാണ് കെ.എസ്.ഇ.ബി. വിജിലന്‍സ് വിഭാഗം തീരുമാനിച്ചിട്ടുള്ളത്.  


ഓർക്കുക, വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്.  കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ സെഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ്സ് എടുക്കുകയും ചെയ്യും.  വൈദ്യുതി മോഷണം നടത്തുന്നത് മൂന്ന് വര്‍‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നും അറിയുക.  


വൈദ്യുതി മോഷണം ശ്രദ്ധയില്‍‍പ്പെട്ടാല്‍ പതിനാല് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ആന്റി പവര്‍ തെഫ്റ്റ്  സ്ക്വാഡിനേയോ 1912 എന്ന ടോള്‍‍ ഫ്രീ നമ്പരിലോ അറിയിക്കാവുന്നതാണ്. 1912 ൽ വിളിച്ച് കോൾ കണക്റ്റാകുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് വിവരം അറിയിക്കാവുന്നതാണ്.