കുവൈറ്റിനെ കീഴടക്കി; സാഫ് കിരീടം ഇന്ത്യക്ക് -
04.07.2023
ഇന്ത്യ :-വീണ്ടും കിരീടം ചൂടി. ഇന്ന് നടന്ന കലാശപ്പോരില്‍ അതിഥിടീമായ കുവൈറ്റിനെയാണ് ഇന്ത്യ വീഴ്ത്തിയത്.നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ച മത്സരത്തില്‍ പിന്നീട് പെനാല്‍റ്റിയിലൂടെയാണ് വിധി നിര്‍ണയിച്ചത്. സ്കോര്‍: ഇന്ത്യ-1(5)- കുവൈറ്റ്-1(4),
ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആദ്യം വെടിപൊട്ടിച്ചത് കുവൈറ്റായിരുന്നു. 14-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഷബീബ് അല്‍ ഖാല്‍ദിയാണ് കുവൈറ്റിനായി വല കുലുക്കിയത്. എന്നാല്‍ ഈ ഗോളില്‍ പതറിപ്പോകാതെ തിരിച്ചടിച്ച ഇന്ത്യ. തൊട്ടുപിന്നാലെ തന്നെ സുനില്‍ ഛേത്രിയിലൂടെ കുവൈറ്റ് ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല, പിന്നീട് 38-ാം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന സമനില ഗോള്‍ വന്നു.
ഏഐഎഫ്‌എഫിന്റെ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ന് നേടിയ ലാലിയൻസുല ചാങ്തെയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. സഹല്‍ അബ്ദുള്‍ സമദ് ഈ ഗോളിന് വഴിതെളിച്ചു. പിന്നീട് ഗോളുകള്‍ നേടാൻ ഇരുകൂട്ടര്‍ക്കും സാധിക്കാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാല്‍ അധികസമയവും സമനില തെറ്റാതെ തുടര്‍ന്നതോടെ നിര്‍ണായകമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം കടന്നു.
ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ഛേത്രി, സന്ദേശ് ജിംഗൻ, ചാങ്തെ എന്നിവരെടുത്ത ആദ്യ മൂന്ന് കിക്കുകളും വലയിലെത്തി. എന്നാല്‍ ഉദാന്ത സിങ് എടുത്ത നാലാം കിക്ക് പാളിപ്പോയി. അതേസമയം ആദ്യ കിക്ക് പാഴാക്കിയ കുവൈറ്റ് പിന്നീട് മൂന്ന് കിക്കുകളും വലയിലെത്തിച്ചതോടെ അഞ്ചാം കിക്ക് നിര്‍ണായകമായി. എന്നാല്‍ ഇതും ഇരുടീമുകളും ഗോളാക്കിയതോടെ സഡൻഡെത്തിലേക്ക് കളിനീങ്ങി. സഡൻഡെത്തില്‍ മഹേഷ് സിങ്ങ് ഇന്ത്യക്കായി ആദ്യ കിക്ക് തന്നെ വലയിലെത്തിച്ചു. എന്നാല്‍ കുവൈറ്റ് താരം ഖാലിദ് എല്‍ ഇബ്രാഹിമിന്റെ കിക്ക് പാഴായതോടെ സാഫ് കിരീടം ഇന്ത്യ ഉറപ്പിച്ചു.


0 അഭിപ്രായങ്ങള്‍