നരിക്കുനി ഗവ:ഹയർ സെക്കന്ററി സ്ക്കൂൾ സുവർണജൂബിലി ആഘോഷിക്കുന്നു.

 നരിക്കുനി: -            1974 ൽ സ്ഥാപിതമായ നരിക്കുനി ഗവ: ഹയർ സെക്കന്ററി സ്ക്കൂളിന് 2024 ൽ 50 വയസ് പൂർത്തിയാകുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളൊരുക്കാൻ തയ്യാറെടുക്കുകയാണ് നാട്ടുകാരും ,പിടിഎ യും, അധ്യാപകരും, വിദ്യാർത്ഥികളും.

           നരിക്കുനി , കാക്കൂർ, മടവൂർ, ചേളന്നൂർ, കിഴക്കോത്ത് പഞ്ചായത്തകളിൽ നിന്നും 1700 ൽ അധികം കുട്ടികൾ എട്ടാം തരം മുതൽ + 2 വരെ ഇവിടെ പഠിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ തലങ്ങളിൽ മികച്ച നിലവാരത്തിലാണ് ഇപ്പോൾ സ്ക്കൂൾ ഉള്ളത്. 2023ലെ എസ്എസ് എൽസി പരീക്ഷയിൽ100 % വിജയത്തോടൊപ്പം 25% കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായി. ഹയർ സെക്കണ്ടറി തലത്തിൽ വർഷങ്ങളായി മികച്ച വിജയം തുടർന്നുകൊണ്ടിരിക്കുന്നു,

          കേരള സർക്കാറിന്റെ വിദ്യാഭ്യാസ സ്ഥരക്ഷണ യജ്ഞവും, കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസപദ്ധതികളും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിത്തീർത്തിട്ടുണ്ട്. 3 കോടി രൂപയുടെ കിഫ്ബി കെട്ടിടങ്ങൾ, ജില്ലാപഞ്ചായത്തിന്റെ മൾട്ടി ഫിറ്റ്നെസ് സെൻറർ , പൂർവ്വ വിദ്യാർത്ഥി ഒരുക്കി നൽകിയ ആധുനിക രീതിയിലുള്ള ലൈബ്രറി എന്നിവ ശ്രദ്ധേയമായ  നേട്ടങ്ങളാണ്. ജില്ലാപഞ്ചായത്ത് സ്ഥാപിക്കുന്ന വാനനിരീക്ഷണ കേന്ദ്രം പഠന രംഗത്ത് പുതിയ വഴിത്താരയായി മാറും.

            2023 ആഗസ്റ് 20 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നരിക്കുനി ബസ് സ്റ്റാൻഡിനടുന്നുള്ള സലഫി ഓഡിറ്റോറിയത്തിൽ വെച്ച് അമ്പതാം വാർഷികത്തിന്റെ സ്വാഗത സംഘം യോഗം ചേരുന്നു. പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരും, നാട്ടുകാരും യോഗത്തിൽ പങ്കെടുക്കണമെന്ന് പിടി എ അഭ്യർത്ഥിച്ചു.

           പത്ര സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  ഐ പി രാജേഷ്, പിടിഎ പ്രസിഡൻറ് കെ ബാലഗോപാലൻ, പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ , ഹെഡ്മിസ്ട്രസ് രാജേശ്വരി കെ, അധ്യാപകരായ ടി പി  അബ്ദുൾ ബഷീർ, വിജിത് കുമാർ എന്നിവർ സംസാരിച്ചു ,