കലക്ടേഴ്സ് ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡ് നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്


നരിക്കുനി: കോഴിക്കോട് എൻ ഐ ടി, ഡയറ്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് അഹമ്മദാബാദ്, എഡ്യൂ മിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്യൂരിയോ കോൺ പ്ലാസ്മ എക്സിബിഷൻ & ഇന്നവേഷൻ ഫെസ്റ്റിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയമായി നരിക്കുനി ഗവ: ഹയർസെക്കണ്ടറി സ്കൂളിനെ തെരഞ്ഞെടുത്തു. 


പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജന്നറയാൻ ആണ് സ്കൂളിനെ പ്രതിനിധീകരിച്ച് ഫെസ്റ്റിൻ പങ്കെടുത്തത്. എനർജി സെയ്വിങ് സമോവർ എന്ന ലഘു ഉപകരണമാണ് ജന്ന അവതരിപ്പിച്ചത്. നാല് വ്യത്യസ്ത താപനിലയിലുള്ള ചൂടുവെള്ളം ഒരേ സമയം ഇതിലൂടെ ലഭ്യമാകുന്നു. സാധാരണ സമോവറിൽ മുകളിൽ വെള്ളമൊഴിക്കുന്നതിന് പകരം ഇതിൽ അടിഭാഗത്താണ് തണുത്ത വെള്ളമൊഴിക്കുന്നത്. അതിനാൽ മുകൾ ഭാഗങ്ങളിൽ ഏത് സമയത്തും ആവശ്യമായ താപനിലയിലുള്ള വെള്ളം ലഭിക്കുന്നു. ഊർജ സംരക്ഷണം, സമയ ലാഭം, കുറഞ്ഞ ചെലവ്, ഉപയോഗ സൗകര്യം എന്നീ ഗുണങ്ങളാണ് ജന്നയുടെ കണ്ടുപിടുത്തത്തെ സവിശേഷമാക്കുന്നത്. 


മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥിനി ജന്നറയാനേയും ഹൈസ്ക്കൂൾ വിഭാഗത്തേയും സ്റ്റാഫ് കൗൺസിലും പി ടി എ യും അഭിനന്ദിച്ചു.