ഈ പുസ്തകപ്പൊതികളിൽ നിറയുന്നു; മുത്തച്ഛന്റെ സ്നേഹസ്മമരണകൾ  

 നരിക്കുനി: വായന ശാലകളിൽ പുസ്തകം എത്തിക്കേണ്ടതിന്റെ തിരക്കിലാണ് ഇർഷോമികയും യാമികയും.  വായനാദിന സമ്മാനമായി 100 ലൈബ്രറികളിൽ ഇവർ  പൊതിഞ്ഞൊടിച്ച പുസ്തകങ്ങളെത്തും.  ഗ്രന്ഥശാല പ്രവർത്തകനും കർഷകനും ഹോമിയോ ചികിത്സകനുമായ മുത്തച്ഛന്റെ സ്മരണ നിലനിർത്താനാണ് ഇത്തവണത്തെ വായനാദിനത്തിൽ വേറിട്ട പ്രവർത്തനവുമായി ഈമിടുക്കികൾ രംഗത്തിറങ്ങിയത്‌. പുന്നശ്ശേരി ഗ്രാമ സേവാസമിതി വായനശാലയുടെ സ്ഥാപകരിൽ ഒരാളും സാംസ്കാരിക സംഘാടകനും  മികച്ച ഗ്രന്ഥശാലാ പ്രർത്തകനുമായ  എ പി പാച്ചർ 2023 ജനുവരി ആറിനാണ്‌ അന്തരിച്ചത്‌. പുസ്തകവായനയെ എപ്പോഴും പ്രോത്സാഹിപ്പിരുന്ന അച്ഛച്ചന്റെ  ഓർമ്മനിലനിർത്താനാണ്‌ 100 ബ്രൈറികൾക്ക്‌ 25000 രൂപയുടെ പുസ്തകങ്ങൾ നൽകാൻ കുടുംബം തീരുമാനിച്ചത്‌. അക്ഷരം തൊട്ട് തുടങ്ങാം, അറിവിന്റെ ആകാശം സ്വന്തമാക്കാം എന്ന പ്രമേയവുമായാണ് പുസ്തകവിതരണ പദ്ധതിആരംഭിച്ചത്. അറിയിപ്പ് നൽകിയതോടെ ലഭിച്ച അപേക്ഷകളിൽനിന്നും പൊതുജനവായനശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും  പുസ്തകങ്ങൾ നൽകുന്നുണ്ട്‌.  

എം എൻ കാരശ്ശേരി, മണമ്പൂർ രാജൻ ബാബു ഉൾപ്പെടെയുള്ള പ്രമുഖ സാംസ്കാരിക പ്രവർത്തകരുടെ കുറിപ്പുകൾ അടങ്ങിയ എ പി പാച്ചരുടെ സ്മരണ പുസ്തകം  അവഗണനകൾക്ക്‌ അണയ്ക്കാനാവാത്ത അനുഭവക്കരുത്ത്‌,  വിദ്യാർഥികൾക്ക്‌ ഏറെ ഉപകാരപ്പെടുന്ന ശാസ്ത്രലേഖനങ്ങൾ അടങ്ങിയ തൊട്ടാൽപൊള്ളുന്ന ഐസ്‌, സാമുഹ്യ വിമർശന ലേഖനങ്ങൾ അടങ്ങിയ അക്ഷസ്നേഹത്തോടെ, കോഴിക്കോടിന്റെ വൊളിബോൾ ചരിത്രം വിവരിക്കുന്ന ഓർമ്മയിലേക്കൊരു സ്മാഷ്‌, കോവിഡ്‌ കാലത്തെ കവികളുടെ രചനകളുടെ സമാഹാരം മരണഭയകാലത്തെ കവിത എന്നീ പുസ്തകങ്ങളാണ്‌ ലൈബ്രറികൾക്ക്‌ നൽകുന്നത്‌.  പുസ്തകങ്ങൾ തപാലിൽ അയക്കാനായി പൊതിഞ്ഞൊട്ടിക്കുന്നതും വിലാസം എഴുതുന്നതുമൊല്ലാം ഏറെ സന്തോഷത്തോടെയാണ്‌ ഈ മിടുക്കികൾ ഏറ്റെടുത്തത്‌.  എ പി പാച്ചരുടെ ജീവിതം പറയുന്ന നടന്നു തീർത്ത വഴികൾ എന്ന ഡോക്യുമെന്ററി ഇതിനകം ചിലങ്കം തയ്യാറാക്കിയിട്ടുണ്ട്‌.