പൊതുജന താൽപര്യാർത്ഥം -
മഴ ശക്തി പ്രാപിച്ചതിനാൽ വൈദ്യുത അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
*പൊതു ഇടങ്ങളിൽ ശ്രദ്ധിക്കേണ്ടത് -*
മഴക്കാലത്തെ വൈദ്യുതി അപകടങ്ങളിൽ വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഏറെ ശ്രദ്ധിക്കേണ്ടത്. വൃക്ഷ ശിഖരങ്ങൾ ഒടിഞ്ഞ് ലൈനുകളിൽ വീഴുകയും ലൈനുകൾ താഴ്ന്നോ പൊട്ടിവീണോ നടന്നു പോകുന്നവർ ലൈനുകളുമായി സ്പർശിക്കാനിട വരുകയും വൈദ്യുതാഘാത സാധ്യത ഉണ്ടാവുകയും ചെയ്യും. പൊട്ടി വീണ ലൈനുകളിൽ വൈദ്യുതി ഉണ്ടാകും എന്ന മുൻകരുതലോടെ മാത്രമേ സമീപിക്കാൻ പാടുള്ളൂ.
അപകട സാധ്യതയുള്ള ലൈനുകൾ കെ.എസ്.ഇ.ബി ഓഫീസിലോ ഹോട്ട്ലൈൻ നമ്പറിലോ ബന്ധപ്പെട്ട് അറിയിക്കുകയും ലൈൻ ഓഫായി എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്.
ലൈനുകൾ വെള്ളത്തിലാണ് പൊട്ടിവീഴുന്നതെങ്കിൽ തൊട്ടടുത്ത ഭാഗങ്ങളിലൊക്കെ വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ അകലം പാലിക്കാൻ ശ്രദ്ധിക്കുക.
ലൈൻ കൈകൊണ്ട് എടുത്ത് മാറ്റാനോ കാൽ ഉപയോഗിച്ച് തട്ടി മാറ്റാനോ ശ്രമിക്കരുത്. സർവീസ് വയറിലും ലീക്കേജ് സാധ്യതയുള്ളതിനാൽ സ്പർശിക്കരുത്.
കുട്ടികളെ ഇതുമായി ബന്ധപ്പെട്ട് ബോധവാൻമാരാക്കണം'
രാത്രി കാലങ്ങളിൽ ശക്തമായ കാറ്റിൽ റോഡിലും ഇടവഴികളിലും ലൈൻ പൊട്ടി വീഴാനിടയുള്ള സാധ്യതയുള്ളതിനാൽ
രാവിലെ വെളിച്ചം വീഴുന്നതിന് മുമ്പ് നടക്കാൻ പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'
ലൈനിന് അടുത്തുള്ള വൃക്ഷശിഖരങ്ങൾ കൊത്തി മാറ്റാനോ കായ്കൾ തോട്ടി ഉപയോഗിച്ച് എടുക്കാനോ ശ്രമിക്കരുത്. ഇത്തരം സ്ഥലങ്ങളിൽ അപകട സാധ്യത വൈദ്യുതി ജീവനക്കാരെ അറിയിക്കുക.'
വാഴ പോലുള്ള ജലാംശം കൂടിയ തൈകളുടെ ഭാഗങ്ങൾ ലൈനിൻ്റെ സാമീപമുള്ള പക്ഷം അതിൻ്റെ തടത്തിനടുത്ത് കരുതലോടെയേ പെരുമാറാവൂ. ലൈനിൽ തട്ടിക്കിടക്കുന്നവയുടെ സാമീപ്യം ഒഴിവാക്കണം.
ചെരിഞ്ഞിരിക്കുന്ന പോസ്റ്റുകളുടേയും തകരാറായി കിടക്കുന്ന സ്റ്റേ വയറുകളുടേയും വിവരം വൈദ്യുതി ഓഫീസിൽ അറിയിക്കാൻ ശ്രദ്ധിക്കുക.
*കെട്ടിടങ്ങൾക്കകത്ത് -*
ചോർച്ച വഴി വയറിംഗിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ വീട്ടിനുള്ളിലും ശ്രദ്ധ പാലിക്കേണ്ടതുണ്ട്.
ചുവരിലോ, ഉപകരണങ്ങളിലോ സ്പർശിക്കുമ്പോൾ ഷോക്കോ, ചെറായ തരിപ്പോ, സ്പാർക്കോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അംഗീകൃത വയർമാനെറ് ശ്രദ്ധയിൽ പെടുത്തി തകരാർ കണ്ടെത്തി പരിഹരിക്കണം. മെയിൻ സ്വിച്ചിലും വൈദ്യുതി ലീക്ക് സാധ്യതയുള്ളതിനാൽ സ്വിച്ച് ഓഫ് ചെയ്യുമ്പോഴും ശ്രദ്ധ പുലർത്തണം. ലൈൻ ഓഫ് ആവശ്യമാകുന്ന പക്ഷം വൈദ്യുതി ഓഫീസിൻ്റെ സഹായം തേടാം.
എർത്ത് വയറിലോ എർത്ത് പൈപ്പിലോ സ്പർശിക്കാൻ പാടില്ല.
നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ച് പ്രവർത്തിപ്പിക്കാൻ പാടില്ല. ലോഹ ഭാഗമുള്ള ഉപകരണങ്ങൾ ത്രീ പിൻ പ്ലഗ് ഉപയോഗിച്ച് എർത്തുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സാങ്കേതികമായി അറിയാതെ ഉപകരണങ്ങൾ സ്വയം നന്നാക്കുന്നതിന് ശ്രമിക്കാതിരിക്കുക.
ശക്തമായ മിന്നലുള്ളപ്പോൾ വൈദ്യുതി ഉപകരണങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങൾ ബന്ധം വിച്ഛേദ്ദിക്കുക.
ഇ എൽ സി ബി, ആർ.സി.സി.ബി എന്നിവ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ലീക്കേജിൽ നിന്നും ഷോക്കിൽ നിന്നും രക്ഷ നേടാനാവും. ലീക്ക് വഴിയുള്ള അധിക വൈദ്യുതി ചാർജ്ജും ഒഴിവാക്കാം. ഇത്തരം സർക്യുട്ട് ബ്രേക്കറുകൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തുക.
ഇൻസുലേഷൻ പോയ വയറുകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. ടേപ്പ് ചുറ്റിയവ ആൾക്കാർക്ക് അപകടരമായ സ്ഥലത്ത് ഇടരുത്. ഗുണമേന്മയുള്ള സാമഗ്രികൾ മാത്രം ഉപയോഗിക്കുക.
പമ്പ് സെറ്റ് മോട്ടോറുകൾ പോലുള്ളവ റിപ്പയർ ചെയ്യുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കുക.
*ലൈൻ പൊട്ടിവീണതുമായി ബന്ധപ്പെട്ട വൈദ്യുത അപകട സാധ്യതകൾ വിളിച്ചറിയിക്കാനുള്ള നമ്പർ -9496010101 മറ്റ് പരാതികൾ- 1912, 9496001912*
സെക്ഷൻ ഓഫീസിലെ നമ്പറിലും അടിയന്തിര സാഹചര്യങ്ങളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.



0 അഭിപ്രായങ്ങള്