എളേറ്റിൽവട്ടോളിയിലെ മാവേലിസ്റ്റോർ പൂട്ടാൻ ശ്രമം:
10-02-2025
എളേറ്റിൽ വട്ടോളി :-
20 വർഷമായി എളേറ്റിൽവട്ടോളിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ കീഴിലുള്ള സബ്സിഡി വിതരണകേന്ദ്രമായ മാവേലിസ്റ്റോർ പൂട്ടാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധമുയരുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കെട്ടിട ഉടമ വാടക വർധിപ്പിച്ചതിനെത്തുടർന്നാണ് പ്രതിസന്ധിയിലായത്. മാവേലിസ്റ്റോർ എളേറ്റിൽവട്ടോളിയിൽത്തന്നെ നിലനിർത്താൻ മറ്റൊരുകെട്ടിടം സംഘടിപ്പിച്ചുനൽകേണ്ട ബാധ്യത ഗ്രാമപ്പഞ്ചായത്തിനുണ്ടെന്നും എന്നാൽ, ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നുമാണ് നാട്ടുകാർ പരാതിപ്പെടുന്നത്. വാടകയിനത്തിൽ ചെറിയതുകമാത്രമേ സപ്ലൈകോയിൽനിന്ന് ലഭിക്കുകയുള്ളൂ. ബാക്കി തുക ഗ്രാമപ്പഞ്ചായത്താണ് സംഘടിപ്പിച്ചുനൽകേണ്ടത്. എളേറ്റിൽവട്ടോളിയിൽ പ്രവർത്തിക്കുന്ന മാവേലിസ്റ്റോർ പൂട്ടാനുള്ള തീരുമാനത്തിൽനിന്ന് അധികൃതർ പിൻമാറണണമെന്നാവശ്യപ്പെട്ട് സി.പി.എം. എളേറ്റിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽവട്ടോളിയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികളായ എൻ.കെ. സുരേഷ്, പി. സുധാകരൻ, വി.പി. സുൽഫിക്കർ എന്നിവർ അറിയിച്ചു.

0 അഭിപ്രായങ്ങള്‍