സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, പൊതുസ്ഥലങ്ങളിൽ മാസ്ക് വയ്ക്കണം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ് :- ''

 O3.06.2025 

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി (ഇന്‍ഫ്‌ളുവന്‍സ ലൈക്ക് ഇല്‍നെസ്-ഐഎല്‍ഐ), ശ്വാസസംബന്ധമായ അസുഖം (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍-എസ്എആര്‍ഐ) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി പിസിആര്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 


രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തില്‍ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 


*ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍*


1. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണമുള്ളവരെ ചികിത്സിക്കുമ്പോള്‍ 2023 ജൂണില്‍ പുറത്തിറക്കിയ പുതുക്കിയ എബിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. 


2. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണമുള്ളവര്‍ക്ക് അപായലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ശ്വാസതടസം, നെഞ്ചുവേദന, തളര്‍ച്ച, രക്തസമ്മര്‍ദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട അപായലക്ഷണങ്ങള്‍. കുട്ടികളില്‍ മയക്കം, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കാന്‍ മടി, വിറയല്‍, ശ്വാസതടസം എന്നിവയാണ് നിരീക്ഷിക്കേണ്ടത്. 


3. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണം.

   

4. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആര്‍ക്കെങ്കിലും കോവിഡ് കണ്ടെത്തിയാല്‍ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ഉറപ്പാക്കണം.


5. കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളിലോ മുറികളിലോ പാര്‍പ്പിക്കണം. 


6. ആശുപത്രികളില്‍ രോഗികളും കൂട്ടിരിപ്പുകാരും എല്ലാ ആരോഗ്യജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.


7. ആശുപത്രികളില്‍ കൂട്ടിരിപ്പുകാരുടെയും സന്ദര്‍ശകരുടെയും എണ്ണം നിയന്ത്രിക്കണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കണം.

 

8. രോഗലക്ഷണമുള്ള ആരോഗ്യജീവനക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തണം. 


9. കോവിഡ്-19 ടെസ്റ്റിന് ജില്ലകളിലെ ആര്‍ടി പിസിആര്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണം. 


10. കോവിഡ് നിരീക്ഷണ സംവിധാനങ്ങളുടെ ഭാഗമായി ആര്‍ടി പിസിആര്‍ പോസിറ്റീവ് സാംപിളുകള്‍ പൂണെ വൈറോളജി ലാബിലേക്ക് ഹോള്‍ ജിനോം സീക്വന്‍സിങ് ചെയ്യാന്‍ അയയ്ക്കണം. ഇതിനായി ആര്‍ടി പിസിആര്‍ പോസിറ്റീവ് സാംപിളുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സെന്റിനല്‍ സൈറ്റുകളില്‍ നിന്നും മറ്റു ആശുപത്രികളില്‍ നിന്നും ശേഖരിച്ച് ജില്ലാ സര്‍വെയിലന്‍സ് യൂണിറ്റ് മുഖേന അയയ്ക്കണം. ഇത്തരത്തില്‍ ഓരോ ജില്ലയില്‍ നിന്നും രണ്ടാഴ്ച്ച കൂടുമ്പോള്‍ ചുരുങ്ങിയത് 15 സാംപിളുകള്‍ അയയ്ക്കണം.


11. പൊതുസ്ഥലങ്ങലില്‍ മാസ്‌ക് ഉപയോഗം, കൈകഴുകൽ തുടങ്ങിയ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം. 


12. ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തിരമായി വിലയിരുത്തി ഓക്‌സിജന്‍ ലഭ്യത, മരുന്നുകള്‍, മാസ്‌ക്, കയ്യുറ, വെന്റിലേറ്ററുകള്‍, ഐസിയു കിടക്കകള്‍ എന്നിവ ഉറപ്പാക്കണം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും മോക്ഡ്രില്‍ നടത്തണം.