വടകര ഹിറ്റ് ആൻഡ് റൺ കേസ്; അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയ്ക്ക് നീതി; ഇൻഷുറൻസ് കമ്പനി 1.15 കോടി നൽകണമെന്ന് കോടതി :-
:18-11-2025
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഒമ്പത് വയസ്സുള്ള ദൃഷാനയ്ക്ക് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോടതി വിധി. ദൃഷാനയ്ക്ക് ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ നൽകണമെന്ന് വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) കോടതി ഉത്തരവിട്ടു.
2024 ഫെബ്രുവരി 17-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ വെച്ച് ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന തലശ്ശേരി പന്ന്യന്നൂർ സ്വദേശി പുത്തലത്ത് ബേബി (62) യെയും പേരമകൾ ദൃഷാനയെയും അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബേബി തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന അപകടത്തിന് ശേഷം ഒരു വർഷമായിട്ടും അബോധാവസ്ഥയിലാണ്.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ, ആയിരക്കണക്കിന് വാഹനങ്ങളുടെയും നൂറുകണക്കിന് വർക്ക്‌ഷോപ്പുകളുടെയും പരിശോധനകൾക്കൊടുവിൽ പത്തു മാസത്തിന് ശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും അപകട ഇൻഷുറൻസ് തുക ലഭിക്കാത്തതിനെ തുടർന്ന് കുടുംബം നിയമസഹായം തേടുകയായിരുന്നു.

0 അഭിപ്രായങ്ങള്‍