21-ാം വയസ്സിൽ കന്നിയങ്കത്തിനിറങ്ങി അനഘ ഗോപി ശ്രദ്ധേയയാവുന്നു:-
26.11.2025
നന്മണ്ട: തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങി അനഘ ഗോപി ശ്രദ്ധേയയാവുന്നു. നന്മണ്ട ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് അനഘ ഗോപി മത്സരിക്കുന്നത്. നന്മണ്ടയിലെ പതിനൊന്നാം വാർഡിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായിട്ടാണ് അനഘ ജനവിധി തേടുന്നത്.
ഈ തിരഞ്ഞെടുപ്പിലെ നന്മണ്ടയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ് അനഘ ഗോപി.
കോഴിക്കോട് നടക്കാവ് ഗവ: ടി.ടി.ഐയിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് ചെയ്യുകയാണ് അനഘ. ശനി,ഞായർ ദിവസങ്ങളിൽ ഇടത് പക്ഷ പാർട്ടി നേതാക്കളൊടൊപ്പം സജീവമായി പ്രചരണത്തിന് ഇറങ്ങും. ക്ലാസുള്ളപ്പോൾ ക്ലാസ് വിട്ട് വീട്ടിലെത്തിയതിനു ശേഷമാണ് വോട്ടഭ്യർത്ഥിക്കുവാൻ ഇറങ്ങുക.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമായാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെങ്കിലും വോട്ടർമാർക്കിടയിൽ സജീവമായി ഇടപെടുവാൻ അനഘക്ക് സാധിക്കുന്നുണ്ട്. നാട്ടുകാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുമ്പോൾ ഏറെ അനുകൂലമായ പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്ന് അനഘ പറയുന്നു. എതിർ സ്ഥാനാർത്ഥികളെക്കാൾ സജീവമായ പ്രചരണ പരിപാടികളുമായി മുന്നേറുവാൻ യുവത്വത്തിന്റെ പ്രതീകമായ അനഘയ്ക്ക് സാധിക്കുന്നുണ്ട്.
നന്മണ്ടയിൽ ഇത്തവണ പ്രസിഡൻറ് സ്ഥാനം പട്ടികവർഗ്ഗ സംവരണമാണ്. അനഘ ഗോപി മത്സരിക്കുന്ന വാർഡ് പട്ടിക വർഗ്ഗ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ വാർഡിൽ നിന്ന് ജയിച്ചു കയറിയാൽ നന്മണ്ടയുടെ പ്രഥമ വനിത ആവാൻ അനഘ ഗോപിക്ക് സാധ്യതയുമുണ്ട്.


0 അഭിപ്രായങ്ങള്‍