കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർഥികൾ മരിച്ച സംഭവം; ദുരൂഹതയെന്ന് നാട്ടുകാർ,
17-03-2026
കൊയിലാണ്ടി : കൊയിലാണ്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. സ്കൂട്ടറിന് പിന്നിൽ മറ്റേതോ വാഹനം ശക്തമായി വന്നിടിച്ചതായാണ് നാട്ടുകാരുടെ സംശയം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം. അപകടമുണ്ടായ സ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മൂവരുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിശോധന തുടരുകയാണ്.
മൂവരും സഞ്ചരിച്ച ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ പോസ്റ്റിൽ അല്ല വാഹനം ഇടിച്ചതെന്നും സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതാണെന്നു സംശയമാണ് നാട്ടുകാരുടേത്. വാഹനത്തിൻ്റെ പിറകുവശം തകർന്നതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. സ്കൂട്ടർപോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെങ്കിൽ പിൻഭാഗം തകരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. വാഹനത്തിൻ്റെ പിറകിലുള്ള പരിക്ക് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചതാണോ എന്നാണ് സംശയം. സമീപത്തുള്ള സിസിടിവി പരിശോധിച്ചെങ്കിലും അപകടത്തിൻ്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം നാട്ടുകാരുടെ സംശയം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. സംഭവസ്ഥലത്ത് വടകര ഡിവൈഎസ്പി ഉൾപ്പെടെ എത്തി പരിശോധന നടത്തി. മരിച്ച മൂവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി,


0 അഭിപ്രായങ്ങള്