കിടപ്പുമുറിയിൽ ഫണമുയർത്തി മൂർഖൻ; നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി


𝟐𝟖 -04 - 𝟐𝟎𝟐𝟔_                          

                                                                         


​നന്മണ്ട: ഉറക്കത്തിനിടയിൽ കിടപ്പുമുറിയിൽ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിന്റെ മുന്നിൽ നിന്നും പന്ത്രണ്ടുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട നാലാം വാർഡിലെ പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും ഒഴിവായത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ ശ്രദ്ധിച്ചതാണ് രക്ഷയായത്. ഉടൻ തന്നെ ഉമ്മയെ വിവരമറിയിച്ചു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു.


തുടക്കത്തിൽ വനം വകുപ്പധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നരിക്കുനി ഫയർ സർവീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റെസ്ക്യൂ വളണ്ടിയർ അബ്ദുൾ കരീമിനെ വിവരമറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെ കൊടുവള്ളിയിൽ നിന്നെത്തിയ അദ്ദേഹം പാമ്പിനെ പിടികൂടിയതോടെയാണ് വീട്ടുകാരുടെ ഭീതി ഒഴിഞ്ഞത്.

​അർദ്ധരാത്രിയിൽ അൽഷിദ് കാട്ടിയ ജാഗ്രത വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.