ജബൽപൂർ ബോട്ട് ദുരന്തത്തിൽ മരണം 9 ആയി.....


01-05 - 2026


ജബൽപൂർ: സന്തോഷത്തോടെ തുടങ്ങിയ ആ യാത്ര നിമിഷനേരം കൊണ്ട് കണ്ണീർക്കട ലായി മാറുമെന്ന് ആ കുടുംബം കരുതിയിരുന്നില്ല. മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടപ്പോൾ കണ്മുന്നിൽ പ്രിയപ്പെട്ടവർ മറയുന്നത് നോക്കിനിൽക്കേണ്ടി വന്നതിന്റെ നടുക്കത്തിലാണ് അതിജീവിച്ചവർ. ജബൽപൂർ സ്വദേശിയായ സയ്യിദ് റിയാസ് ഹുസൈന്റെ ഭാര്യയെയും പേരക്കുട്ടിയെയും സഹോദരഭാര്യയെയും ഇനിയും കണ്ടെത്താനുണ്ട്.


ചിരിയും കളിയുമായി ബോട്ടിൽ ഇരുന്നിരുന്ന ആറംഗ കുടുംബത്തിന് നേരെ മരണത്തിന്റെ രൂപത്തിൽ വെള്ളം ഇരച്ചുകയറുകയായിരുന്നു. പെട്ടെന്ന് ബോട്ട് മറിയുകയും ഉള്ളിലേക്ക് വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ എല്ലാം തകിടം മറിഞ്ഞു. നിലവിളികൾക്കിടയിൽ പിതാവിന്റെ കൈകളിൽ മുറുകെ പിടിച്ചതിനാലാണ് മകൾക്ക് ജീവൻ തിരിച്ചുലഭിച്ചത്.


'ബോട്ട് മറിഞ്ഞു, പെട്ടെന്നുണ്ടായ പ്രളയത്തിൽ കപ്പലിൽ വെള്ളം നിറഞ്ഞു. എന്റെ മുത്തശ്ശി മുങ്ങിത്താഴുന്നത് ഞാൻ കണ്ടു. അമ്മയെയും സഹോദരനെയും കാണാനില്ല. മുത്തശ്ശനെ എനിക്ക് കണ്ടെത്താനായി.' -അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പറഞ്ഞു. ഭയവും വേദനയും നിറഞ്ഞ കണ്ണുകളോടെയാണ് അവൾ ആ നിമിഷങ്ങൾ പങ്കുവെച്ചത്. അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്തത്തിൽ ഒരു കുടുംബത്തിന്റെ സന്തോഷമാണ് ഇല്ലാതായത്.


നർമദാ നദിയിലെ ഡാം റിസർവോയറിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലാണ് ടൂറിസ്റ്റ് ക്രൂയിസ് ബോട്ട് മറിഞ്ഞത്. വെള്ളിയാഴ്ചയോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. മരിച്ചവരിൽ എട്ട് സ്ത്രീകളും ഒരു കുട്ടിയുമാണുള്ളത്. 29 പേർക്ക് മാത്രമാണ് ബോട്ട് യാത്രയ്ക്കായി ടിക്കറ്റ് നൽകിയിരുന്നതെങ്കിലും 45ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. ഇതോടെ അപകടത്തിന് പിന്നിൽ അമിതഭാരമാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.


കരസേനയുടെയും മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ റിസർവോയറിൽ തിരച്ചിൽ തുടരുകയാണ്. ഹൈദരാബാദിൽ നിന്നുള്ള ഹെലികോപ്റ്ററും കൊൽക്കത്തയിൽ നിന്നുള്ള പ്രത്യേക പാരാമിലിട്ടറി സംഘവും തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ 28 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഏകദേശം 20 അടി താഴ്‌ചയിലുള്ള ബോട്ട് ഹൈഡ്രോളിക് മെഷീനുകൾ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് അഞ്ജുൾ മിശ്ര അറിയിച്ചു.