2 ഗോളുകൾ, 3 റെഡ് കാർഡ്; ഉദ്ഘാടനം സംഭവബഹുലം, ദക്ഷിണാഫ്രിക്കൻ നിരാശ, ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ.....


12-06 - 2026


മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും പിറന്ന സംഭവബഹുലമായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് ജയം. ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ 2026 ലോകകപ്പിലെ ആദ്യ ജയം കുറിക്കാൻ മെക്സിക്കോയ്ക്കായി. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്.


ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്കോർ ചെയ്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു.


ദക്ഷിണാഫ്രിക്കൻ ഗോൾമുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ മെക്സിക്കോ ഗോളിനടുത്തെത്തുകയും ചെയ്തു. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസിൽ നിന്നുള്ള റൗൾ ഹിമെനസിൻ്റെ ഷോട്ട് പക്ഷേ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസ് തട്ടിയകറ്റി.


ഒമ്പതാം മിനിറ്റിൽ 2026 ലോകകപ്പിലെ ആദ്യ ഗോൾ പിറന്നു. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയിറങ്ങിയിട്ടും ഒറ്റ നിമിഷത്തെ പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി. ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയുടെ പിഴവിൽ പന്ത് റാഞ്ചിയെടുത്ത എറിക് ലിറയുടെ മികവാണ് ഗോളിന് വഴിയൊരുക്കിയത്. ലിറ ഇന്റർസെപ്റ്റ് ചെയ്ത പന്ത് ഉടൻ പിടിച്ചെടുത്ത ജൂലിയൻ ക്വിനോനെസിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ റോൺവെൻ വില്യംസിന്റെ കാലുകൾക്കിടയിലൂടെ വലയിൽ കയറി. സൗദി പ്രോ ലീഗിൽ അൽ ഖ്വാദ്സിയാഹിന് വേണ്ടി കളിക്കുന്ന ക്വിനോനെസ് പോയ സീസണിൽ 33 ഗോളുകളുമായി ഗോൾഡൻ ബൂട്ട് ജേതാവാണ്.