യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു, പല്ലുകൾ അടിച്ച് കൊഴിച്ചു; പുല്ലാളൂർ സ്വദേശിയായ സ്ത്രീ ഉൾപ്പെടെ ആറുപേർ പിടിയിൽ.....
09-07-2026
കോഴിക്കോട്: നഗരമധ്യത്തിൽ ബസ് കാത്തുനിന്ന യുവതിയെ പരിചയം മുതലെടുത്ത് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുല്ലാളൂർ കൊയാലിമുക്ക് പാറന്നൂർ സ്വദേശിനി വി.പി. ക്വാർട്ടേഴ്സിൽ റഹ്‌മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി സ്വദേശി അയിഷ (43), വെള്ളയിൽ സ്വദേശി സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ പരിചയമുള്ള പ്രതികൾ പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറാൻ ക്ഷണിക്കുകയായിരുന്നു. യാത്ര ആരംഭിച്ച ഉടൻ യുവതിയെ മർദിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്ത ശേഷം ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ സ്വർണച്ചെയിൻ, രണ്ടര പവന്റെ പാദസ്വരം, ഒരു പവന്റെ ബ്രേസ്ലെറ്റ് എന്നിവ ബലമായി ഊരിയെടുത്ത് ചേവായൂരിൽ ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടു.
ആക്രമണത്തിൽ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടി. ചോദ്യംചെയ്യലിൽ, യുവതിയെ നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നെന്നും സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കവർന്ന ആഭരണങ്ങൾ കമ്മത്ത് ലൈനിലെ കടയിൽ വിറ്റ് പണമാക്കിയതായും പ്രതികൾ മൊഴി നൽകി. മുൻകൂട്ടി ലക്ഷ്യംവെച്ച് നടത്തിയ ആസൂത്രിത കവർച്ചയാണിതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


0 അഭിപ്രായങ്ങള്