കള്ളനല്ലെന്ന് തെളിയിക്കാൻ കോടതിക്ക് ഏഴ് വർഷം:-


28.07.26 


 ആലപ്പുഴ: രമേശൻ കള്ളനല്ല, അത് തെളിയിക്കാൻ, മറ്റുള്ളവർക്ക്

മനസിലാക്കിക്കൊടുക്കാൻ, ഉറക്കെ വിളിച്ചുപറയാൻ എടുത്തത് ഏഴു വർഷം. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 47 ദിവസം റിമാൻഡിൽ കഴിയുകയും ഏഴ് വർഷത്തോളം അപമാനഭാരം പേറുകയും ചെയ്‌ത വയോധികന് നിയമപോരാട്ടത്തിനൊടുവിൽ നീതി. ചെട്ടികുളങ്ങര കൈതതെക്ക് സ്വദേശി രമേശ് കുമാറിനെയാണ് (65) നിരപരാധിയാണെന്ന് കണ്ട് മാവേലിക്കര മജിസ്ട്രേട്ട് കോടതി കുറ്റമോചിതനാക്കിയത്. മാവേലിക്കര മജിസ്ട്രേട്ട് സൂര്യ എസ്. സുകുമാരനാണ് ഉത്തരവിട്ടത്.2019 നവംബർ 26നു ചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിനു പോയ വയോധികയുടെ മാല പൊട്ടിച്ചു എന്നായിരുന്നു കേസ്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവ ദിവസം തന്നെ അറസ്റ്റിലായ രമേശനെ റിമാൻഡ് ചെയ്തു. എന്നാൽ ഇയാളെ ജാമ്യത്തിലിറക്കാൻ അരും എത്താതായതോടെ പൊലീസ് ഇടപെട്ട് ബന്ധുവിന്റെ സഹായത്തോടെ ജാമ്യത്തിലിറക്കി. ഇതിനിടെ ചെട്ടികുളങ്ങര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ 18 മാല മോഷണം നടത്തിയ പത്തിയൂർ സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങരയിൽ വയോധികയുടെ മാല മോഷ്ടിച്ചതു താനാണെന്ന് ചോദ്യം ചെയ്യലിനിടെ അയാൾ പൊലീസിനോടു സമ്മതിച്ചു. എന്നാൽ വയോധിക ആദ്യം നൽകിയ മൊഴിയിൽ ഉറച്ചുനിന്നതോടെ രമേശൻ നിയമപോരാട്ടത്തിനിറങ്ങി.

പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും രമേശൻ കുറ്റക്കാരനാണെന്നു തെളിയിക്കാൻ സാധിച്ചില്ല. മോഷണം പോയ മാല കോടതിയിൽ ഹാജരാക്കാനും കഴിഞ്ഞില്ല. ഇതോടെ കോടതി രമേശനെ വിട്ടയക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സ്‌കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമേശനു കേസിൽ പ്രതിയായതോടെ ജോലി നഷ്‌ടപ്പെട്ടു. അടുത്ത ബന്ധുക്കൾ പോലും അകന്നു. ജാമ്യത്തിലിറങ്ങിയ രമേശൻ കുറച്ചുകാലം കടത്തിണ്ണയിലാണ് അന്തിയുറങ്ങിയത്. 3 വർഷത്തോളം ബന്ധുവീട്ടിൽ താമസിച്ചു. പിന്നീട് സ്വന്തം വീട്ടിൽ തിരിച്ചെത്തി. ഇപ്പോൾ മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് രമേശൻ.